Tuesday, June 24, 2008
ചില കഥാപാത്രങ്ങള്‍ വായനക്കാരില്‍ സ്വത്വസാമ്യം സൃഷ്ടിക്കാറുണ്ട്. ആശാപൂര്‍ണ്ണാദേവിയുടെ സുവര്‍ണ്ണലത എന്ന നോവലിലെ നായികയില്‍ ഞാന്‍ സ്വത്വം കണ്ടെത്തിയത് ഈ വരികളിലാണ്.
"സുവര്‍ണ്ണ അഭിമാനിയാണ്. പക്ഷേ ആത്മനിയന്ത്രണം പാലിക്കാനറിഞ്ഞുകൂടാ; വാക്കുകളുടെ ലാവ പ്രവഹിപ്പിക്കും. കോപം വന്നാല്‍ അടക്കാനുള്ള കഴിവില്ല."
"ഈ ആളുകള്‍ സുവര്‍ണ്ണലതയെ ഭ്രാന്തിയെന്നു വിളിക്കുന്നു. വിളിക്കാതിരിക്കുന്നതെങ്ങനെ? അവള്‍ വിചിത്രമായ സംഗതികള്‍ അന്വേഷിച്ചു നടക്കുകയല്ലേ?"
"അവരാരും മുന്‍പ് ഇങ്ങനെ കേട്ടിട്ടില്ല. എല്ലാ സുഖങ്ങളുമുണ്ടെങ്കിലും സുവര്‍ണ്ണലതക്കു മാത്രം ദുഖം! രാപ്പകല്‍ അകാരണമായ അസംതൃപ്തി, അകാരണമായ ആക്ഷേപം. സുവര്‍ണ്ണലതയുടെ ആഗ്രഹങ്ങള്‍ അവരുടെ ദൃഷ്ടിയില്‍ അകാരണമായ അസംതൃപ്തി മാത്രമാണ്."
"ഇതാണു സുവര്‍ണ്ണലതയുടെ സ്വഭാവത്തിലെ ഏറ്റവും വലിയ ന്യൂനത. അവള്‍ ഇടയ്ക്കിടയ്ക്ക് പൊട്ടിത്തെറിച്ച് അതിരു കടക്കും. തന്മൂലം അവള്‍ സ്വയം പരിഹാസപാത്രമായിത്തീരുമെന്നോ വിമര്‍ശനവിധേയയാകുമെന്നോ ഓര്‍മിക്കാറില്ല."
"സുവര്‍ണ്ണലതയുടെ ജീവിതം പരിശോധിച്ചാല്‍ ആദ്യന്തം ബഹളങ്ങള്‍ തന്നെയായിരുന്നു. അവള്‍ എന്തെങ്കിലും അസംബന്ധം പറയും; അതേച്ചൊല്ലി വീട്ടില്‍ ബഹളമുണ്ടാകും."
"സുവര്‍ണ്ണലത ഗുരുജനങ്ങളെ ബഹുമാനിക്കുന്നതു സംബന്ധിച്ച നിയമങ്ങളും വകുപ്പുകളും ഉപവകുപ്പുകളും അനുസരിച്ചു നടക്കുന്നതില്‍ ഉത്സാഹം കാണിക്കാത്തവളാണ്. കാരണം കൂടാതെ ചീത്ത വിളിക്കുന്നതു കേട്ടിട്ട് മിണ്ടാതിരിക്കാന്‍ അവള്‍ക്കറിഞ്ഞുകൂടാ. വെറുതെ മറ്റുള്ളവരെ പ്രീണിപ്പിക്കാനും സേവ പിടിക്കാനും ഉള്ള വിദ്യയും അവള്‍ക്കറിഞ്ഞുകൂടാ."
"സുവര്‍ണ്ണലതയ്ക്ക് ഇത്രമാത്രം മടുപ്പു തോന്നാന്‍ കാരണമെന്ത്? ഉമാശശി, ഗിരിബാല, ബിന്ദു ഇവരെല്ലാം അതേ സാഹചര്യത്തിലല്ലേ താമസിക്കുന്നത്. അവരാരും മരിക്കാന്‍ വേണ്ടി പാടുപെടുന്നില്ല. ചവറുപുസ്തകങ്ങള്‍ വായിക്കുന്നതായിരിക്കാം കാരണം. അല്ലാതെ മറ്റൊരു കാരണവും കാണുന്നില്ല."