എന്റെ വൈഗ

Tuesday, June 24, 2008

വൈഗ സുന്ദരിയായിരുന്നോ എന്നെനിക്കറിയില്ല. എന്റെ സ്വപ്നങ്ങളില്‍ പോലും മുഖം തരാതെ കടന്നു കളഞ്ഞല്ലോ അവള്‍. എന്നാലും അവള്‍ മറ്റ്‌ പലരുടേയും സ്വപ്നങ്ങളില്‍ വന്നു ചിരിച്ചതായി ഞാനറിഞ്ഞു. അവള്‍ക്കു ചുരുണ്ട മുടിയും തുടുത്ത മുഖവുമായിരുന്നു എന്ന് അവരെന്നോടു പറഞ്ഞു. അപ്പോള്‍ ഒരു റ്റിവി പരസ്യത്തിലെ കൊച്ചു കുട്ടിയെ ഞാനോര്‍ത്തു.പക്ഷെ...

ഒരു പെണ്‍കുട്ടിയുടെ ഏറ്റവും വലിയ ശാപമാണ്‌ മറ്റുള്ളവരുടെ കുത്തിനോവിക്കുന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരമില്ലാതെ വിറുങ്ങലിച്ച്‌ നില്‍ക്കുക എന്നത്‌. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആളുകളുടെ മനോഭാവത്തിന്‌ ഒരു മാറ്റവുമില്ല. ഇരുപത്‌ -ഇരുപത്തിരണ്ട്‌ വയസ്സാവുമ്പോഴേ ചോദിച്ച്‌ തുടങ്ങും. "അല്ല.. കല്യാണമൊന്നും ആയില്ലേ ഇതുവരെ". അതൊട്ടു കഴിഞ്ഞാലോ പിന്നെ അടുത്ത ചോദ്യം വരും - "എന്താ വിശേഷം ഒന്നുമില്ലേ".

'വിശേഷ'ച്ചോദ്യം ഞാനും പലവട്ടം കേട്ടു. രണ്ടു വര്‍ഷത്തോളം. അടുത്ത ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയുടെ 'വിശേഷ' വാര്‍ത്ത അവര്‍ എന്നോട്‌ മാത്രം മറച്ചു വെച്ചുവെന്ന് ബോധ്യപ്പെട്ട ദിവസം മുഴുവനും ഞാന്‍ കരഞ്ഞു. ഒടുവില്‍ എന്റെ കാര്‍ഡ്‌ ടെസ്റ്റ്‌ പോസിറ്റീവാണെന്നറിഞ്ഞപ്പോള്‍ അവരെന്നോട്‌ പറഞ്ഞു. ആ പെണ്‍കുട്ടിക്കും വിശേഷമാണെന്നു ഒരു സംശയം ഉണ്ടെന്ന്. അതു സംശയമല്ല എന്നു ഒരു മാസം മുന്‍പേ ബോധ്യപ്പെട്ടിരുന്ന ഞാന്‍ വെറുതെ ചിരിച്ചു. ഇടക്കിടെ എന്നെ വിഷമിപ്പിച്ചിരുന്ന ചോദ്യത്തിനുത്തരം കൊടുക്കാന്‍ അന്നാളുകളില്‍ എനിക്കേറെ അഭിമാനം തോന്നി. പിന്നീട്‌ സ്വപ്നങ്ങളുടെ നാളുകള്‍. ഞാനുറപ്പിച്ചു. നീയൊരു പെണ്‍കുഞ്ഞായിരിക്കും. നിനക്കു ഞാനേറെയിഷ്ടപ്പെടുന്ന പേരു കണ്ടു വെച്ചിരുന്നു. വൈഗ. എന്റെ വൈഗയെ ഒന്നു കാണാന്‍ ദിവസങ്ങളെണ്ണി കാത്തിരുന്നു.

പതിനാറു ആഴ്ചകള്‍ക്കു ശേഷം ഒരു വ്യാഴാഴ്ച ഓഫീസില്‍ ഇരിക്കെ വയറിന്റെ ഇടതു വശത്തായി വേദന തോന്നി. ഡോക്ടറെ കണ്ടു. അള്‍ട്രാസൗണ്ട്‌ സ്കാന്‍ ചെയ്തു. ഡോക്റ്റര്‍ 'മിസ്ഡ്‌' എന്ന വാക്കു പറഞ്ഞപ്പോല്‍ നിന്റെ വിധി നിര്‍ണ്ണയിക്കപ്പെട്ടോ എന്നെനിക്ക്‌ സംശയം തോന്നി. സ്കാന്‍ റിപ്പോര്‍ട്ടില്‍ 'കൊളാപ്സ്ഡ്‌ ഭീറ്റല്‍ പാര്‍റ്റ്‌സ്‌' എന്നു കണ്ടപ്പോള്‍ ഉറപ്പായി 'എനിക്കു നിന്നെ ഇനി ഒരിക്കലും കാണാനാവില്ല'. അടുത്ത ദിവസം ഡി ആന്‍ഡ്‌ സി ക്കു ശേഷം ഓപ്പറേഷന്‍ തീയറ്ററിനു പുറത്തേക്കു കൊണ്ടുവന്നപ്പോള്‍ നിന്റെ ജനനത്തിനായി പ്രാര്‍ഥിച്ചിരുന്ന പലരേയും ഞാനോര്‍ത്തു. നിനക്കായി നോറ്റ നേര്‍ച്ചകളൊന്നും ഞാനും മുടക്കിയിരുന്നില്ല. എന്നിട്ടും ദൈവം നിന്നെ എനിക്കു തന്നില്ല. ഇനി എത്ര കരഞ്ഞാലും നീ തിരിച്ചു വരില്ലെന്ന് വേദനയോടെ ഞാന്‍ മനസ്സിലാക്കുന്നു. എന്നാലും കുറച്ചു നാളുകളെങ്കിലും നീയെനിക്കു തന്ന സന്തോഷത്തിനും സമാധാനത്തിനും ഞാന്‍ നിന്നോട്‌ കടപ്പെട്ടിരിക്കുന്നു.

ഇപ്പോള്‍ സഹതാപം അറിയിക്കാന്‍ വരുന്ന സന്ദര്‍ശകരില്‍ ചിലര്‍ മനസ്സാ സന്തോഷിക്കുകയാണോ എന്നു എനിക്കു സംശയം തോന്നുന്നു. സഹതാപത്തില്‍ പൊതിഞ്ഞ കുത്തുവാക്കുകള്‍ കേള്‍ക്കുന്നുണ്ട്‌ ഒരുപാട്‌.

സന്ദര്‍ശക(/ന്‍)1: "നിങ്ങളുടെ ഓഫീസില്‍ വേറെ ആര്‍ക്കെങ്കിലും ഇങ്ങനെ ആയിട്ടുണ്ടോ?"
ഞാന്‍: "എനിക്കറിയാവുന്ന ഒരാള്‍ക്ക്‌ ഇങ്ങനെ ആയിരുന്നു."
സന്ദര്‍ശക(/ന്‍)1: ഓ.. അപ്പോള്‍ അവിടെ റേഡിയേഷന്‍ എന്തെങ്കിലും കാണുമായിരിക്കും. (എനിക്കിത്‌ അസംബന്ധമായി തോന്നി. അബോര്‍ഷന്‍ നടക്കാന്‍ മാത്രം റേഡിയേഷന്‍ സോഫ്റ്റ്‌ വെയര്‍ കമ്പനികളിലുണ്ടെങ്കില്‍ പെണ്‍കുട്ടികളാരും കമ്പ്യൂട്ടര്‍ സയന്‍സ്‌ പഠിക്കില്ലല്ലോ.)

സന്ദര്‍ശക(/ന്‍)2: എന്തായാലും ഇങ്ങനെയൊക്കെ ആയി. ഇനി അടുത്ത തവണ ശ്രദ്ധിച്ചാല്‍ മതി. (എന്റെ ശ്രദ്ധയില്ലായ്മയാണ്‌ ഇതിനു കാരണമെന്നു വ്യംഗ്യം)

സന്ദര്‍ശക(/ന്‍)3: ഞങ്ങളുടെ വീട്ടില്‍ ആര്‍ക്കും ഇങ്ങനെയൊന്നും ആയിട്ടില്ല. (എന്റെ കയ്യില്‍ കെട്ടിയിരുന്ന ചരടില്‍ നോക്കിയ ശേഷം). ഇത്‌ ഇങ്ങനെ ആയിട്ടു കെട്ടിയതാണോ. നേരത്തേ കെട്ടാമായിരുന്നില്ലേ.

ഇതൊക്കെ കുത്തുവാക്കുകളാണെന്നു എനിക്കു മാത്രം തോന്നുന്നതാണോ. നീയിതു വായിക്കുമെന്നു വെറുതെ ഞാനാശിക്കുന്നു. വൈഗാ... എന്റെ കുഞ്ഞു വാവേ... മറ്റുള്ളവര്‍ ഉപദേശിക്കുന്നുണ്ട്‌. എല്ലാം മറന്നേക്കാന്‍. പക്ഷേ ഞാന്‍ നിന്നെ മറക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒരിക്കലും.

3 comments:

ബഷീർ said...

സഹോദരീ..

ദു:ഖം മനസ്സിലാക്കുന്നു..

നിരാശ വേണ്ട... ജഗന്നിയന്താവ്‌ നല്ല സന്താനങ്ങളെ നല്‍കട്ടെ..

താങ്കളുടെ പോസ്റ്റില്‍ ആദ്യമായി എന്റെതാണെന്ന് തോന്നുന്നു ഒരു കമന്റ്‌..


എല്ലാ ആശംസകളും

ശ്രീ said...

ബൂലോകത്തേയ്ക്ക് ആദ്യം തന്നെ സ്വാഗതം.

ബഷീര്‍ക്ക പറഞ്ഞതു പോലെ ദു:ഖത്തില്‍ ഞാനും പങ്കു ചേരുന്നു. എങ്കിലും മറ്റുള്ളവരുടെ (കുത്തു)വാക്കുകളില്‍ അധികം വിഷമിയ്ക്കാതെ നല്ലതിനു വേണ്ടി പ്രാര്‍ത്ഥിയ്ക്കാം.

ബൂലോകരുടേയും പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടാകും. ആശംസകള്‍!

സ്വപ്നാടകന്‍ said...

:(

ആശംസകള്‍ ചേച്ചീ..!